പാലക്കാട്: മണപ്പുള്ളിക്കാവിന് സമീപം ദേശീയ പാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ട അനീഷ് (38) നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വിധി അനീഷിനെ കവർന്നെടുത്തത്.

കണ്ണാടി പുളിയപ്പൻതൊടി കൽനാട് ഹൗസിൽ പരേതനായ വേലായുധന്റെയും വള്ളിയമ്മയുടെയും മകനാണ് അനീഷ്. അജിത്ത്, അനിത, അജിത എന്നിവരാണ് സഹോദരങ്ങൾ. പ്രഭിതയാണ് ഭാര്യ. അദ്വൈത്, ആറുമാസം പ്രായമുള്ള പെൺകുട്ടി എന്നിവരാണ് മക്കൾ.

വിദേശത്ത് ജോലി അവസാനിപ്പിച്ച് നാട്ടിൽ തന്നെ ചെറിയൊരു ജീവിതമാർഗം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു അനീഷ്. ഇതിനിടയിലാണ് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രതീക്ഷകളെ തകിടംമറിച്ച് അപകടത്തിന്റെ രൂപത്തിൽ മരണം എത്തിയത്. അനീഷിന്റെ അപ്രതീക്ഷിത വിയോഗം കണ്ണാടി പ്രദേശത്തെയും സുഹൃത്തുക്കളെയും കടുത്ത ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.