പാലക്കാട്: മാത്തൂരിൽ ഗ്യാസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കോട്ടായി ചേന്ദംകാട് കിടുകത്ത് വീട്ടിൽ ആകാശ് (22) ആണ് മരിച്ചത്. എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ മാത്തൂർ അഗ്രഹാരത്തിന് സമീപമായിരുന്നു അപകടം നടന്നത്. കോട്ടായിയിൽ നിന്നും കുഴൽമന്ദം ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്ന ആകാശ് സഞ്ചരിച്ച വാഹനവും എതിർദിശയിൽ വന്ന ഗ്യാസ് ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ അഞ്ചുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനും മറ്റ് നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കോട്ടായി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

പരേതനായ ശിവന്റെയും അനിതയുടെയും മകനാണ്. മേഘയാണ് സഹോദരി.