കഴിഞ്ഞ ദിവസം കൊഴിഞ്ഞാമ്പാറയിലുണ്ടായ ജെയിംസ് രാജകുമാരന്റെ കൊലപാതകത്തിൽ പോലീസിനെ സംശയിച്ച് പ്രതികളുടെ ബന്ധുക്കൾ രംഗത്തെത്തി. എന്തൊക്കെയോ മറയ്ക്കാനും സ്വയം രക്ഷപ്പെടാനുമാണ് പോലീസിൻ്റെ ശ്രമം എന്നാണ് ആരോപണം. ഇതിൻ്റെ ഭാഗമാണ് തീർത്തും നിരപരാധികമായ മൂന്ന് കർഷകരെ പ്രതിയാക്കി പോലീസ് കസ്റ്റഡിയിലെടുത്തനെന്നും ഇവർ പറയുന്നു. പാലക്കാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പോലീസ് കസ്റ്റഡിയിലുള്ള പ്രതി ഫെലിക്സിന്റെ ഭാര്യ സ്റ്റെഫി , മറ്റൊരു പ്രതി ബെൻഹാമിൻ്റെ  സഹോദരൻ പ്രവീൺ അഭിഭാഷകരായ സുഹൈൽ, സുനിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

1001517699.jpg

നവംബർ ഒന്നിന് സംഭവം നടന്ന ദിവസം രാത്രി സ്ഥലത്തെത്തിയ പോലീസ് അക്രമത്തിൽ വെട്ടേറ്റ് രക്തത്തിൽ കുളിച്ചു നിന്ന പ്രവീണിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം അക്രമം നടത്തിയ ജെയിംസ് രാജകുമാരനെ പിടിച്ച് ജീപ്പിൽ കയറ്റുകയാണ് ചെയ്തത്. ഈ സമയത്ത് ജയിംസ് യാതൊരു കുഴപ്പവുമില്ലാതെ നടന്നാണ് ജീപ്പിൽ കയറിയത്. ഇതിൻറെ വീഡിയോകൾ ഉണ്ട്. നടന്ന് ജീപ്പിൽ കയറുന്ന ജെയിംസിനെ ഒരു പോലീസുകാരൻ മർദ്ദിക്കുന്നതും വീഡിയോയിലുണ്ട്. സംഭവസ്ഥലത്തു നിന്നും വെറും ആറ് കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് പ്രതിയെ പോലീസ് എത്തിക്കുന്നത് 50 നിമിഷത്തിനുശേഷമാണ്. എന്തുകൊണ്ടാണ് ഇത്ര കാലതാമസം ഉണ്ടായത് എന്ന് പോലീസ് വ്യക്തമാക്കുന്നില്ല. 
വെട്ടേറ്റ പ്രവീണിനെ അദ്ദേഹത്തിൻറെ ഭാര്യയുടെ ആവശ്യപ്രകാരം ആശുപത്രിയിൽ എത്തിക്കാൻ വന്നവരാണ് സമീപത്തെ മൂന്ന് കർഷകർ. ഇത് പോലീസിനോട് പ്രവീണിന്റെ ഭാര്യ പറയുന്നതും വീഡിയോയിലുണ്ട്. എന്നാൽ കാര്യങ്ങൾ വിശദീകരിക്കാൻ സ്റ്റേഷനിലെത്തിയ ഈ കർഷകരെ പോലീസ് പ്രതിചേർക്കുകയായിരുന്നു. ഇവരെ പ്രതിചേർക്കാൻ പോലീസ് ഉപയോഗിച്ചത് കൊല്ലപ്പെട്ട ജെയിംസിന്റെ മക്കളുടെ മൊഴിയാണ്. ഇത് എത്ര വിശ്വാസ്യത ഉള്ളതാണ് എന്ന് ഇവർ ചോദിക്കുന്നു. 
അതേസമയം പിറ്റേന്ന് ഉച്ചയോടെ ജെയിംസ് രാജകുമാരന്റെ മരണത്തിനു ശേഷമാണ് പോലീസ് ഇക്കാര്യം അറിഞ്ഞതായി രേഖപ്പെടുത്തുകയും എഫ്ഐആർ ഇടുകയും ചെയ്തിരിക്കുന്നത്. ജെയിംസിനെ ആശുപത്രിയിൽ എത്തിക്കാൻ എടുത്ത കാലതാമസം, പോലീസ് ഇക്കാര്യം മറച്ചുവെച്ചത് എന്നിവയെല്ലാം പോലീസിനെ സംശയത്തിൽ ആക്കുന്നതാണ്. പോലീസ് ജെയിംസിനെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യവും ഇക്കാര്യത്തിൽ ഇവർ ചേർത്തുവയ്ക്കുന്നു. 
സ്വതന്ത്രമായ ഒരു അന്വേഷണം വേണമെന്നും യഥാർത്ഥ പ്രതികളെയാണ് പിടികൂടേണ്ടതെന്നും ഇവർ ആവശ്യപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് തിങ്കളാഴ്ച കൊഴിഞ്ഞാമ്പാറ ബസ്റ്റാൻഡ് പരിസരത്ത് പൊതുയോഗം സംഘടിപ്പിക്കും എന്നും പറഞ്ഞു.